പാണത്തൂർ: ഹൊസ്ദുർഗ്-പാണത്തൂർ സംസ്ഥാന പാതയുടെ അവസാന ഭാഗമായ പാണത്തൂർ പവിത്രങ്കയം ഭാഗത്ത് രാത്രിയിൽ കോരിച്ചൊരിയുന്ന മഴയിൽ മെക്കാഡം ബിറ്റുമിൻ മിക്സ് നിരത്തി അശാസ്ത്രീയമായി ചെയ്തതെന്ന് ആരോപണം ശക്തമാകുന്നു.
കരാറുകാരായ കുദ്രോളി ബിൽഡേഴ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയാണ് ഇത്തരത്തിൽ ചെയ്തത്. റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന കെആർഎഫ്ബി ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കിയാണ് അശാസ്ത്രീയമായ നിർമാണമെന്നും ആരോപണമുണ്ട്.
പലതവണ നീട്ടി നൽകിയ നിർമാണ കാലാവധി മേയ് 31 ന് അവസാനിച്ചു. അതുകൊണ്ടുതന്നെ 31ന് മുമ്പ് പണിയുടെ ആദ്യഘട്ടമെങ്കിലും പൂർത്തിയാക്കണം എന്ന ലക്ഷ്യത്തോടെയാണ് മഴ പോലും കണക്കിലാക്കാതെ അശാസ്ത്രീയമായി ഇങ്ങനെ ചെയ്തത് എന്ന് നാട്ടുകാർ പറയുന്നു.
ഇപ്പോഴും സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി പാതി വഴിയിലാണ്. അവസാനഘട്ട പണികൾ ഇനിയും ബാക്കിനിൽക്കുന്നു. കാലങ്ങളായി ഇഴഞ്ഞ നീങ്ങുന്ന റോഡ് നവീകരണത്തിനെതിരെ സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കളും പൊതുജനങ്ങളും അതിയായ അമർഷത്തിലാണ്. ശക്തമായ സമരത്തിന് ഒരുക്കം കൂട്ടുകയാണ് ഇവർ.